16-September-2023 -
By. news desk
കൊച്ചി: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാം ലക്കത്തിന് തുടക്കമായി. ആദ്യ മത്സരത്തിലെ വാശിയേറിയ ഫൈനലില്‍ എതിരാളികളെ നിഷ്പ്രഭരാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി)തുഴഞ്ഞ വീയപുരം(3.27.01 മിനിറ്റ്) ചുണ്ടന്‍ രണ്ട് വള്ളപ്പാടുകള്‍ വ്യത്യാസത്തില്‍ ഒന്നാമതെത്തി.
യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം രണ്ടാമതും(3.41.10 മിനിറ്റ്) എന്‍സിഡിസി തുഴഞ്ഞ നിരണം ചുണ്ടന്‍ മൂന്നാമതും (3.42.17 മിനിറ്റ്) ഫിനിഷ് ചെയ്തു. ഹീറ്റ്‌സില്‍ നിലനിറുത്തിയ മികവ് ഫൈനലില്‍ പതിവ് പോലെ പിബിസി ഇക്കുറിയും ആവര്‍ത്തിച്ചു. ട്രാക്ക് പകുതിയായപ്പോള്‍ തന്നെ ഒരു വള്ളപ്പാടിന് വീയപുരം മുന്നിലായിരുന്നു. പിന്നീട് സര്‍വാധിപത്യം തുടര്‍ന്ന വീയപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിജയം നേടി.പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(നാല്), കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം(അഞ്ച്), കെബിസി ആന്‍ഡ് എസ് എഫ് ബിസി തുഴഞ്ഞ പായിപ്പാടന്‍(ആറ്) സ്ഥാനങ്ങളില്‍ തുഴഞ്ഞെത്തി.കേരള പോലീസ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (ഏഴ്), വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി(എട്ട്), നിരണം ബോട്ട് ക്ലബ് തുഴഞ്ഞ സെ. പയസ് ടെന്‍ത് (ഒമ്പത്) സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ മയില്‍പ്പീലിയും, ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ താണിയനും ഒന്നാം സ്ഥാനത്തെത്തി.സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് സിബിഎല്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് സിബിഎല്‍ മത്സരങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധര്‍മ്മടത്ത് നടത്തിയ വള്ളം കളിയോടെ ഇക്കുറി ഉത്തരമലബാറിലേക്കും സിബിഎല്‍ മത്സരങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വള്ളംകളിയെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ടൂറിസം എന്ന വ്യവസായത്തെ എത്രവ്യത്യസ്തമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നതിന്റെ തെളിവാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗെന്ന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
കേരളത്തെയാകെ ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഭൂപ്രദേശം ചെറുതാണെങ്കിലും കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കേരളത്തിലാണ്. ഹോം സ്‌റ്റേയുടെ കാര്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മികച്ച സ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന സിബിഎല്‍ മത്സരങ്ങള്‍ കേരള ടൂറിസത്തിന് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.സിബിഎല്‍ മൂന്നാം ലക്കത്തിന്റെ വിജയികള്‍ക്കുള്ള ട്രോഫിയുടെ അനാച്ഛാദനം മന്ത്രി രാജീവ് നടത്തി. മേയര്‍ എം അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, പി വി ശ്രീനിജന്‍, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, ടൂറിസം മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കോട്ടപ്പുറം, തൃശൂര്‍(സെപ്തംബര്‍ 23), പിറവം, എറണാകുളം(സെപ്തംബര്‍ 30), താഴത്തങ്ങാടി, കോട്ടയം, (ഒക്ടോബര്‍ 7), പുളിങ്കുന്ന്, ആലപ്പുഴ(ഒക്ടോബര്‍ 14), കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 21), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്റ്‌സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.